Friday, May 17, 2024
keralaNews

89ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം; 89-ാമത് ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്‌മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും. വെള്ളി പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര ആരംഭിക്കും. പകല്‍ 9.30ന് തീര്‍ഥാടക സമ്മേളനം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 12.30ന് സാഹിത്യ സമ്മേളനം മന്ത്രി സജി ചെറിയാനും പകല്‍ മൂന്നിന് ശാസ്ത്ര സാങ്കേതിക സമ്മേളനം കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ശ്രീനാരായണ പ്രസ്ഥാന സംഗമവും വൈകിട്ട് സമാപന സമ്മേളനവും നടക്കും. ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാകും തീര്‍ഥാടനം നടക്കുക. തീര്‍ഥാടകര്‍ക്ക് പരിശോധനയില്‍ കോവിഡ് പോസിറ്റീവായാല്‍ ക്വാറന്റീന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.