Saturday, April 20, 2024
keralaNews

ഗൃഹനാഥനെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റില്‍.

ആലപ്പുഴ: ഗൃഹനാഥനെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റില്‍. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജു(56)വിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ ശ്രീലക്ഷ്മി(24), സുഹൃത്ത് ബിപിന്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം.ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന രാജുവിനെ വീടിന് സമീപത്ത് വച്ച് ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമിച്ചയാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നു. ഇയാള്‍ ആരാണെന്നോ എന്തിന് വേണ്ടിയാണ് ആക്രമിച്ചതെന്നോ രാജുവിന് മനസിലായില്ല. തുടര്‍ന്ന് രാജു പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ വാഹനത്തില്‍ കയറി പോകുന്നത് കണ്ടെങ്കിലും വ്യക്തത ലഭിച്ചില്ല.അതേസമയം സംഭവദിവസം രാജു മരുമകളുമായി വഴക്കിട്ടുവെന്ന വിവരം പോലീസിന് ലഭിച്ചു. കുട്ടിയെ വേണ്ടവിധം പരിചരിക്കുന്നില്ലെന്നത് സംബന്ധിച്ചായിരുന്നു വഴക്ക്. ഈ വഴിക്ക് അന്വേഷണം നടത്തിയപ്പോഴാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്തായ ബിപിനെ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെയാണ് ബിപിന്‍ എത്തി രാജുവിനെ ആക്രമിച്ചത്. അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.