Sunday, May 19, 2024
keralaNews

പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പാറശ്ശാലയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതിയായ ആലമ്പാറ സ്വദേശി മിഥുനാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനുളളില്‍നിന്ന് ഓടിരക്ഷപ്പെട്ടത്.

വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാറശ്ശാല ചന്ദനക്കട്ടി സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മിഥുന്‍. സംഭവശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പിടികൂടിയാണ് മിഥുനെ സ്റ്റേനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

പോലീസ് സ്റ്റേഷനുളളില്‍നിന്ന് ഓടിയ പ്രതി സമീപത്തെ മൃഗാശുപത്രി കോമ്പൗണ്ടിനുളളിലൂടെ പിന്‍ഭാഗത്തെ റെയില്‍വേ ട്രാക്ക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് സംഘം പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.