Thursday, April 25, 2024
keralaNewsObituary

ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി

വയനാട്: മാനന്തവാടിയില്‍ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു .ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താത്കാലിക ഡോക്ടറെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത് . സംഭവത്തില്‍ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളമുണ്ട ഫാമലി ഹെല്‍ത്ത് സെന്ററിലെ 2 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും, പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകള്‍ നല്‍കി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയും ചെയ്തു.വീട്ടില്‍ കുത്തിവെപ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യ നില കണ്ട് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് അനുവദിച്ച ആംബുലന്‍സില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ല. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്തല്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.