Wednesday, May 1, 2024
keralaNewspolitics

വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള സമരത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന്
സംഘര്‍ഷം ഒഴിവാക്കാന്‍ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണം കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു, ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടയാല്‍ നടപടിയെടുക്കാന്‍ കോടതിയുടെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ക്രമസമാധാനം ഉറപ്പാക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.മൂവായിരത്തോളം പേരാണ് പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. നാല്‍പ്പതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കും. വെളളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.