Wednesday, May 22, 2024
BusinesskeralaNews

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്. വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി.       എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലന്‍സ് അന്വേഷിച്ചതില്‍ അഞ്ച് കേസുകളാണ് എഴുതി തളളാന്‍ തീരുമാനിച്ചത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്.