Wednesday, May 22, 2024
keralaNews

പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി

തിരുവനന്തപുരം തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയില്‍ രാത്രി 7 മണിയോടെയാണ് സംഭവം.                                                                                                                                                           

സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തത്.

പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു.തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ പൊലീസ് പിടികൂടിയെങ്കിലും നാട്ടുകാര്‍ സംഘം ചേര്‍ന്ന് പൊലീസിനുനേരെ തിരിഞ്ഞു. തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി. അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി അടിപിടിയിലും പൊലീസിനെ തടഞ്ഞതിനും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നവരെ പൊലീസ് ബലമായി നീക്കം ചെയ്യുകയായിരുന്നു.

നിരപരാധികളെയാണ് പൊലീസ് പിടികൂടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊലീസിനുനേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.