Friday, April 26, 2024
keralaNewspolitics

കെ.ടി.ജലീല്‍ ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളി .വിഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിവാദത്തില്‍ ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് വിഡി സതീശന്‍.

മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്ന് വിഡി സതീശന്‍ പറഞ്ഞു.

നിയമ ഭേദഗതിയില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പരാതി കണക്കിലെടുത്ത് ഇന്നലെ ലോകായുക്ത വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന പരാതിയിലും രാഷ്ട്രപതിയുടെ അനുമതി വേണമെന്നതിലും തുടങ്ങിയ രണ്ട് കാര്യങ്ങളിലാവും പ്രധാനമായും സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരിക.
2020 ഡിസംബറില്‍ ആണ് ലോകായുക്ത ഭേദഗതി ചര്‍ച്ചകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചത്.

ആഭ്യന്തര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത് . പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി.

ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.