Tuesday, May 7, 2024
keralaNewspolitics

കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തും:കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചര്‍ച്ചകള്‍ നടന്നത്. ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ജൂണ്‍ 4ന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതില്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഇടത് നേതാവ് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനാണ് ആദ്യം ആരോപണമുയര്‍ത്തിയത്. ഒരു പടി കൂടി കടന്ന് ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ പ്രകാശ് ജാവദേക്കറുമായി, ദല്ലാള്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെന്ന് പേരടക്കം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപണമുന്നയിച്ചത് . പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തി.തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെത്തി പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനെ തന്റെ സാന്നിധ്യത്തില്‍ കണ്ടിരുന്നുവെന്നും തൃശ്ശൂര്‍ സീറ്റില്‍ ഇടത് പക്ഷം ബിജെപിയെ സഹായിക്കാനാണ് ആവശ്യപ്പെട്ടതെന്നും ദല്ലാള്‍ പ്രതികരിച്ചു. പകരം മുഖ്യമന്ത്രിക്ക് എതിരായ എസ്.എന്‍.സി ലാവലിന്‍ കേസ് , സ്വര്‍ണ്ണക്കടത്ത് കേസ് അടക്കം സെറ്റിലാക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഇപി വഴങ്ങാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് തലേദിവസമുണ്ടായ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസമാണ് ഇപി മറുപടി നല്‍കിയത്. പ്രകാശ് ജാവദേക്കര്‍ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു.

അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു. നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.