Tuesday, May 7, 2024
keralaNewspolitics

ഇ.പി മാത്രമല്ല; ഏഴോളം പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തി: ശോഭ സുരേന്ദ്രന്‍

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് പലരും ബിജെപിയിലെത്തുന്നതെന്നും അവര്‍ പറഞ്ഞു. പിണറായി വിജയനും കൂട്ടരും കൊലക്കത്തി താഴെ വയ്ക്കാന്‍ തയ്യാറായത് ചങ്കുറപ്പുള്ള നേതാവ് ആഭ്യന്തരമന്ത്രി ആയതിനാലാണ്. രാജ്യത്തിന്റെ ഭരണ തലപ്പത്ത് അമിത് ഷാ ഉള്ളതുകൊണ്ടാണ് ഇടതുപക്ഷം ഇതിന് തയ്യാറായത്. ആ ബോധ്യം അവര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.  പാലക്കാട് ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഒരുപാട് ആളുകളെ ബലിദാനികളാക്കേണ്ടി വന്ന മണ്ണാണ് കണ്ണൂര്‍. കേരളത്തിലാകമാനം അത് സംഭവിച്ചിട്ടുണ്ട്. ഭീകരവാദികളുടെ പിറകില്‍ നിന്ന് കൊണ്ട് അവരുടെ സഹായത്തോടെ ആലപ്പുഴയിലെ നന്ദു, രണ്‍ജിത് ശ്രീനിവാസന്‍ തുടങ്ങി നിരവധി പേരെയാണ് കൊലപ്പെടുത്തിയത്. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍ഡിഎഫിന്റെ കൊടിക്കൊപ്പം പിഡിപിയുടെ കൊടിയും ഉണ്ടായിരുന്നുവെന്നും ശോഭ ആരോപിച്ചു. ഇന്നലെയാണ് ഇപി ജയരാജന്‍ ബിജെപിയിലേക്ക് വരാനായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വലിയ വെളിപ്പെടുത്തല്‍ ശോഭ സുരേന്ദ്രന്‍ നടത്തിയത്. തെളിവുകള്‍ ഉള്‍പ്പടെയായിരുന്നു വെളിപ്പെടുത്തല്‍. ശോഭയുടെ ആരോപണങ്ങള്‍ ഇപി ജയരാജനും സമ്മതിച്ചിരുന്നു. പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ എന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.