Friday, April 26, 2024
keralaNewspolitics

വന്ദേഭാരതിന് ചങ്ങല വലിക്കരുത്; കുരുങ്ങുക വലിക്കുന്നവര്‍ തന്നെയാകും; രൂപേഷ് പന്ന്യന്‍

തിരുവനന്തപുരം: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഴുവന്‍ മലയാളികളും. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേയ്ക്കാണ് ആദ്യ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഒരാശ്വാസമായി എത്തിയ വന്ദേഭാരതിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രാഷ്ട്രീയത്തിനപ്പുറം വന്ദേഭാരതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകനും അഭിഭാഷകനുമായ രൂപേഷ് പന്ന്യന്‍ പങ്കുവെച്ച ഒരു കവിതയാണ്. വന്ദേഭാരതിനെ അഭിനന്ദിച്ചു കൊണ്ടുള്ള കവിത വൈറലാകുകയാണ്. വന്ദേഭാരത് വരണമെന്ന് പറയാത്ത മലയാളികളുണ്ടാവില്ല. മോദി കൊടിയുയര്‍ത്തിയാലും, ഇടതുപക്ഷം വെടിയുതിര്‍ത്താലും, വലതുപക്ഷം വാതോരാതെ സംസാരിച്ചാലും പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ മലയാളികള്‍ക്ക് കയറണം. പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നില്‍ക്കുമ്പോള്‍ അതിന്റെ കുതിപ്പിനെ ഇല്ലാതാക്കാന്‍ ചങ്ങല വലിക്കരുത് എന്ന് രൂപേഷ് തന്റെ കവിതയില്‍ പറയുന്നു. വന്ദേഭാരതിന്റെ ചങ്ങല വലിച്ചാല്‍ അതില്‍ കുരുങ്ങുന്നത് മോദി അല്ലെന്നും വലിക്കുന്നവര്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

           വന്ദേഭാരത്

വന്ദേ ഭാരത് ‘നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര്‍ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയര്‍ത്തിയാലും…
ഇടതുപക്ഷം വെടിയുതിര്‍ത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയില്‍
പോയി
അപ്പം വില്‍ക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയില്‍
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നില്‍ക്കുമ്പോള്‍
കിതച്ചു കൊണ്ടോടി
ആ കുതിപ്പിന്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക
മോദിയല്ല…..
വലിക്കുന്നവര്‍ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈന്‍ ബോള്‍ട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…