തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.
മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും. 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഉടനിറക്കുമെന്നാണ് വിവരം. ഇന്നലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ദിന ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂര്‍ 10 മിനിട്ട് എടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂര്‍ 20 മിനിട്ടാണ് എടുത്തത്. മടക്ക യാത്രക്കായി 10 മിനിട്ട് അധികം എടുത്തെന്ന് സാരം. എന്നാലും ആദ്യ ദിന ട്രയല്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിന്‍ വന്ദേഭാരത് ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരളത്തിലൂടെ ഓടുന്ന മറ്റ് ചില ട്രെയിനുകളും വന്ദേ ഭാരതും തമ്മുള്ള വേഗതയുടെ കാര്യവും ഈ സമയത്ത് കൃത്യമായി പരിശോധിക്കാവുന്നതാണ്. 3 ട്രെയിനുകളും വന്ദേഭാരതും തമ്മില്‍ ഒരുപാട് സമയത്തിന്റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് താരതമ്യം വ്യക്തമാക്കുന്നത്.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.