Sunday, May 5, 2024
Local NewsNews

സൗഹൃദം പുതുക്കി എരുമേലിയിൽ വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി 

  ജിഷമോൾ പി എസ്
എരുമേലി: വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ പരാതികൾ  കേൾക്കുന്നതിനും പരിഹാരങ്ങൾ കാണുന്നതിനുമായി  സംസ്ഥാന സർക്കാർ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന എരുമേലിയിലെ വന സൗഹൃദ സദസ്സ്   സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അതാത് മേഖലകളിലെ ജനപ്രതിനിധികളുമായും ജനങ്ങളുമായും ചർച്ച ചെയ്ത് വിവിധ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ പട്ടയം നൽകുമെന്ന്  വനം വകുപ്പ് മന്ത്രി എം കെ  ശശീന്ദ്രൻ പറഞ്ഞു. എരുമേലി ജമാ അത്ത് ഹാളിൽ നടന്ന  വനസൗഹൃദ സദസ്സ്  പരിപാടിയിൽ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമ്പൂന്നിക്കര ,കൊപ്പം, തുമരംപാറ , എയ്ഞ്ചൽവാലി, പമ്പാവാലി ,മൂക്കൻപ്പെട്ടി എന്നീ മേഖലകളിലാണ് പട്ടയം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വനാതിർത്തി മേഖലകളിൽ മരം മുറിയുടെ ദുർവിനിയോഗം തടയാൻ നിയമപരമായി മാത്രമേ മരം മുറിക്കാൻ അനുവദിക്കുകയുള്ളൂവെന്നും  അദ്ദേഹം പറഞ്ഞു .
മലയോര മേഖലയിൽപ്പെട്ട പെരിയാർ ടൈഗർ റിസർവ് മേഖല ജനവാസ മേഖലയാണെന്ന് കേരള വൈൽഡ് ലൈഫ് ബോർഡ് റിപ്പോർട്ട് സുപ്രീംകോടതിക്ക് നൽകിയിട്ടില്ലെന്നും ചോദ്യത്തിന്  ഉത്തരമായി മന്ത്രി പറഞ്ഞതായും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി പറഞ്ഞു . വന്യജീവികളുടെ ആക്രമവുമായി ബന്ധപ്പെട്ട്  436 അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. ഇതിൽ 30 പേർക്ക്  നഷ്ടപരിഹാരം നൽകുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ  നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇരുമ്പൂന്നിക്കര – രാജൻ അറക്കുളം, തുമരംപാറ – കേശവൻ പാറക്കൽ, കാളകെട്ടി –  ജനാർദ്ദനൻ , എലിവാലിക്കര – അജി, എരുത്വാപ്പുഴ – കേളൻ ഗോപി  എന്നീ  ഊരുമൂപ്പന്മാരെ ആദരിച്ചു.  വനാതിർത്തി  പങ്കിടുന്ന സംസ്ഥാനത്തെ 40 നിയോജക മണ്ഡലങ്ങളിൽ 21 സ്ഥലങ്ങളിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് എരുമേലിയിലും  വന സൗഹൃദ സദസ്സ്  നടന്നത് . ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ  ഡോ.പി കെ ജയശ്രീ, എംഎൽഎമാരായ അഡ്വ.  സെബാസ്റ്റ്യൻ കുളത്തിങ്കൽ,  ഡോ. എൻ. ജയരാജ് ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ സണ്ണി, ശ്രീജ, ജയിംസ് പി. സൈമൺ , മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ , എരുമേലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.