Monday, April 29, 2024
keralaNews

തലസ്ഥാനത്ത് സംഘര്‍ഷം തുടരുന്നു.

സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷത്തിന് അയവില്ല. പൊലീസിലെ ശിവരഞ്ജിത്തുമാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത്. നെയിംബോര്‍ഡ് മാറ്റിയവരാണ് സമരക്കാരെ മര്‍ദിച്ചത്. വനിത പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ മര്‍ദിച്ചെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും പറഞ്ഞു. തലയ്ക്ക് അടിക്കരുടെന്ന നിര്‍ദേശം മറികടന്നായിരുന്നു ലാത്തിച്ചാര്‍ജ്. വനിത പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായും സമരക്കാര്‍ ആരോപിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിക്കുകയാണ്. സംഘര്‍ഷാന്തരീക്ഷത്തിലാണ് ഇപ്പോഴും സെക്രട്ടേറിയറ്റ് പരിസരം. സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായത് ഉച്ചയോടെയാണ്. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസുമായി ഏറ്റുമുട്ടില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി, നിരവധിപേര്‍ക്ക് പരുക്കേറ്റു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ.എസ്. നായരുടെ തല പൊട്ടി. കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി, നിരവധിപൊലീസുകാര്‍ക്കും പരുക്കേറ്റു.