വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലില്‍ കൊച്ചിയില്‍ എത്തി. സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലില്‍ കൊച്ചിയില്‍ എത്തി. മന്ത്രി പി രാജീവ്, ജില്ല കളക്ടര്‍, കമ്മീഷ്ണര്‍ എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും അതിന്റെ പ്രാധാന്യവും പുതു തലമുറയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വൈക്കം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. വൈകിട്ട് മൂന്നിന് വലിയകവലയിലെ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാര്‍, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളില്‍ ഇരുമുഖ്യമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും. പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് ബീച്ചില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.