Sunday, May 5, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്ത്  ഫണ്ട് ; യുഡിഎഫിന്റെ വാദം വാസ്തവ വിരുദ്ധം ; മുൻ പഞ്ചായത്ത് പ്രസിഡന്റ് 

Rjan.s                                                                        [email protected]

          എരുമേലി:ഫണ്ടിന്റെ അപര്യാപ്ത മൂലം എരുമേലി ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിലാണെന്ന് യുഡിഎഫ് ഭരണസമിതിയുടെ വാദം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു.ഫണ്ടിന്റെ അപര്യാപ്ത കൊണ്ട് പല വികസന പദ്ധതികളും പ്രതിസന്ധിയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റും –  വൈസ് പ്രസിഡന്റും  നൽകിയ വാർത്ത കഴിഞ്ഞദിവസം “കേരള ബ്രേക്കിംഗ്” ന്യൂസ് ആണ് പുറത്തുവിട്ടത്. ഈ വാർത്തയോടെ പ്രതികരിക്കുകയായിരുന്നു അവർ.കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് എരുമേലി. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം 2021 -22 ൽ പഞ്ചായത്ത്  വികസന പ്രവർത്തനങ്ങൾക്ക് 93 % ഫണ്ടും  വിനിയോഗിച്ചു.എസ് /സി വിഭാഗത്തിൽ മാത്രം 100% ഫണ്ട് വിനിയോഗമാണ് നടന്നത്. എസ് / റ്റി  89% ഫണ്ട് വിനിയോഗിച്ചു. പശ്ചാത്തല മേഖലയിലാണ് ഫണ്ട് വിനിയോഗം കുറഞ്ഞത്.അതിന് പ്രധാന കാരണം എ ഇ ഇല്ലാത്തത് കൊണ്ടാണെന്നും അവർ പറഞ്ഞു.പുതിയ എ.ഇ വന്നതും –  പരിചയക്കുറവുമാണ് അതിന് കാരണമായത്.

ഇതൊന്നും മനസ്സിലാക്കാതെയാണ് യുഡിഎഫ് അംഗങ്ങൾ  ഫണ്ടില്ലെന്ന വാദവുമായി വന്നിരിക്കുന്നതെന്നും അവർ പറഞ്ഞു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ യുഡിഎഫ് അംഗങ്ങൾക്കുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം എന്നും അവർ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടുത്താത്ത  പദ്ധതികളാണ് യുഡിഎഫ് അംഗങ്ങൾ കൊണ്ടുവരുന്നത്. ഇതിന് അനുമതി ലഭിക്കാൻ മാസങ്ങൾ വേണ്ടിവരും.ഇതോടെ ഫണ്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും.എന്നാൽ കോൺഗ്രസിന്റെ തന്നെ അംഗമായ ഉമ്മിക്കുപ്പ വാർഡിലെ ജിജിമോൾ സജിയുടെ വാർഡിൽ നടന്ന വിവിധ വികസന പ്രവർത്തനങ്ങൾ  പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉള്ള പദ്ധതികൾ ആണെന്ന  വിവരം കോൺഗ്രസ് അംഗങ്ങൾ മനസ്സിലാക്കണമെന്നും തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.

എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിലെ വീട് മെയിന്റനൻസ് ,റോഡുകളുടെ അറ്റകുറ്റപ്പണി അടക്കം വിവിധ പദ്ധതികൾ യഥാസമയം വാർഡ് മെമ്പർമാർ മുന്നിൽ നിന്നാണ് നടപ്പിലാക്കുന്നത്. എന്നാൽ യുഡിഎഫ് അംഗങ്ങൾ ഇത്തരം കാര്യങ്ങളിൽ കാട്ടുന്ന അനാസ്ഥയാണ് വാർഡിന്റെ  വികസനം പ്രതിസന്ധിയിലാകാൻ കാരണമെന്നും തങ്കമ്മ ജോർജ് കുട്ടി  പറഞ്ഞു.എൽഡിഎഫ് ചെയ്ത വികസന പ്രവർത്തനങ്ങളെ മറച്ചുപിടിച്ച് ഫണ്ടില്ലന്ന  വാദം നിരത്തി  പഞ്ചായത്തിന്റെ വികസനം പ്രതിസന്ധിയിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഇതിനെ നേരിടുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്
എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയെ യുഡിഎഫ് പുറത്താക്കിയത് . യുഡിഎഫിന് 12 അംഗങ്ങളും ,എൽഡിഎഫിന് 11 അംഗങ്ങളുമാണ് ഉള്ളത്.