Wednesday, May 15, 2024
keralaNews

1,57,911 പേര്‍ക്ക് സംസ്ഥാനത്ത് പിഎസ്സി വഴി നിയമനം നല്‍കി ; മുഖ്യമന്ത്രി പിണറായി വിജയന്‍

ഈ സര്‍ക്കാരിന്റെ കാലത്ത് 1,57,911 പേര്‍ക്ക് സംസ്ഥാനത്ത് പിഎസ്സി വഴി നിയമനം നല്‍കി കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ കൃത്യമായി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവ് യഥാസമയം റിപ്പോര്‍ട്ട് ചെയ്യിച്ച് നിയമനം നല്‍കരുന്ന രീതിയാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അനന്തമായി റാങ്ക് ലിസ്റ്റുകള്‍ നീട്ടി പുതിയ തലമുറയ്ക്ക് പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടണ്ട ഒഴിവുകള്‍ ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക്‌ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും. ഇതില്‍ എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നല്‍കിയ നിയമനങ്ങളുടെ എണ്ണം ഇവിടെ പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതിലും കൂടുതല്‍ നിയമനം നടത്തിയിട്ടുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ പിഎസ്സി റാങ്ക്‌ലിസ്റ്റില്‍ നിലവിലുള്ള ഒഴിവിന്റെ 5 ഇരട്ടിയെങ്കിലും ഉദ്യോഗാര്‍ത്ഥികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള മുഴുവനാളുകള്‍ക്കും നിയമനം ഉണ്ടാകുക എന്നത് അപ്രയോഗികമായ ഒന്നാണ്. അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്‌നം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനും മൂലധനിക്ഷേപം നടത്തുന്നതിനും ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്.