Thursday, May 2, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിൽ  യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി ..

രാജൻ.എസ്

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ എൽഡിഎഫ് ഭരണസമിതിയെ പുറത്താക്കി അധികാരത്തിലേറിയ യുഡിഎഫിന്റെ പുതിയ  ഭരണസമിതിയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.വരുന്ന രണ്ടര വർഷക്കാലം പഞ്ചായത്തിന്റെ വിവിധ  വികസന പദ്ധതികൾ നടപ്പാക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് കണ്ടെത്തേണ്ടത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ മുൻ എൽഡിഎഫ് ഭരണ സമിതി വരുത്തിയ ഗുരുതരമായ അനാസ്ഥയാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.  ഉല്പാദന മേഖലയിൽ 48.2ശതമാനവും, പശ്ചാത്തല മേഖലയിൽ 18.6%,സേവന മേഖലയിൽ 19.3% ആണ് പഞ്ചായത്ത് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.എസ് /സി വിഭാഗം  മേഖലയിൽ ഉല്പാദന മേഖലയിൽ 46.9%,പശ്ചാത്തല മേഖലയിൽ 0.% ,  സേവനമേഖലയിൽ 23.8% ആണ്  ഇതുവരെ  ചെലവഴിച്ചിരിക്കുന്നത്.എസ് / റ്റി  വിഭാഗത്തിൽ ഉല്പാദന  മേഖലയിൽ 79. 7% , സേവന മേഖലയിൽ 28.7% മാണ് ചെലവഴിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്തിന്റെ പ്രധാന വികസന മേഖലയായ മരാമത്ത് വർക്കുകളിലാണ് ഗുരുതരമായ പ്രതിസന്ധി ഉണ്ടായത്.126 വർക്കുകളാണ് പഞ്ചായത്ത്
നിർദ്ദേശിച്ചിരുന്നത്. രണ്ടു വർക്കുകൾ ഒഴിവാക്കി.ബാക്കി വരുന്ന 124 വർക്കുകളിൽ 10 ൽ താഴെ  വർക്കുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
22.22 % പദ്ധതികൾ മാത്രമാണ് ചെലവഴിച്ചതെന്നുളളതും  ശ്രദ്ധേയമാണ്. 78%  പദ്ധതികളും – ഫണ്ടുകളും  ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് രൂപയാണ് എരുമേലി ഗ്രാമപഞ്ചായത്തിന്  നഷ്ടമാകുന്നത്. പഞ്ചായത്തിന്റെ മുഴുവൻ വികസന പദ്ധതികളിൽ 95 ശതമാനവും ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയാണ്  കാണുന്നത്. വരുന്ന രണ്ടര വർഷത്തെ വികസന പദ്ധതികളുടെ പ്രതിസന്ധി മാറ്റുന്നതിനായി പുതിയ ഭരണസമിതി ഫണ്ട് ലഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ ചെയ്യുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി പറഞ്ഞു. കാലിയായ ഖജനാവുമായി  ഭരണത്തിലേറിയ യുഡിഎഫിന്  എരുമേലി പഞ്ചായത്തിന്റെ  വികസന കാര്യത്തിൽ വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നതെന്നും അവർ പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്തിന് സാമ്പത്തികമായി വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട എൽഡിഎഫ് ഭരണസമിതി ജനങ്ങളുടെ മുമ്പിൽ വസ്തുത വിവരിക്കേണ്ടി വരുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയി  പറഞ്ഞു. ഇന്നലെയാണ് എൽഡിഎഫിനെ പുറത്താക്കി യുഡിഎഫ് പഞ്ചായത്ത് ഭരണത്തിൽ ഏറിയത്. കുടിവെള്ളം,റോഡ് ,ഭവന നിർമ്മാണം,കലുങ്കുകൾ, വീടുകളുടെ അറ്റകുറ്റപ്പണി,മറ്റ് നിരവധി പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ, അടക്കം   പഞ്ചായത്തിന്റെ  നിരവധി വികസന പദ്ധതികളാണ് ഫണ്ടിന്റെ അപര്യാപ്ത മൂലം പ്രതിസന്ധിയിലാവുന്നത് .