Tuesday, May 14, 2024
indiaNewspolitics

മദ്യനയ അഴിമതി; കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റ് ചെയ്തു . ഇഡി നേരത്തെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിതയെ ജയിലിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തിഹാറിനുള്ളില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതുവരെ കവിത തിഹാര്‍ ജയിലില്‍ തുടരും.                                                                                                                                      കോടതിയില്‍ ഹാജരാക്കുന്ന കവിതയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സിബിഐ നീക്കം. ബുധനാഴ്ച മുതല്‍ സിബിഐ സംഘം തിഹാര്‍ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള അനുമതി ഏപ്രില്‍ അഞ്ചിന് ഡല്‍ഹി കോടതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ തിഹാറിലെത്തി ചോദ്യം ചെയ്തത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംഎല്‍സിയുമായ കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു ഹൈദരാബാദിലെ വസതിയില്‍ നിന്നും ഇഡി അറസ്റ്റ് ചെയ്തതത്. ഡല്‍ഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു ഇഡിയുടെ നടപടി. മദ്യശാല ലോബികളില്‍ നിന്നും നൂറുകോടിയോളം പിരിച്ച് ആംആദ്മി പാര്‍ട്ടിക്ക് കവിത കൈമാറിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. കേസില്‍ ആരോപണ വിധേയനായ ബുച്ചി ബാബുവിന്റെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിആര്‍എസ് നേതാവിനെ സിബിഐ ചോദ്യം ചെയ്തത്.