Monday, May 6, 2024
keralaNewspolitics

താന്‍ ആത്മഹത്യയുടെ വക്കിലാണ് നില്‍ക്കുന്നത് :സത്യം പറയുന്നതില്‍ ആരേയും പേടിക്കേണ്ടതില്ല; സ്വപ്ന സുരേഷ്

തിരുവനന്തപുരം: ഇഡിയുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്ന് സ്വപ്ന സുരേഷ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കും. ഇഡി എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാദ്ധ്യമങ്ങളില്‍കൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കൂടുതല്‍ പരിശോധനയുടെ ഭാഗമായാണ് ഇഡി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സിക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാ അന്വേഷണത്തോടും 100 ശതമാനം സഹകരിക്കും. പറയാനുള്ളത് ശിവശങ്കറിന്റെ പുസ്തകത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചാണ്. മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് ഇഡിയോടും വെളിപ്പെടുത്തും. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് ആരേയും പേടിക്കേണ്ടതില്ല. സാങ്കേതിക തകരാറുകള്‍ കാരണം ഇഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

 

 

ബുധനാഴ്ച്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നില്‍ ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ശബ്ദരേഖ തിരക്കഥയുടെ ഭാഗമാണെന്നും സ്വപ്ന പറഞ്ഞിരുന്നു.