Tuesday, May 21, 2024
keralaNews

പ്രിയ വര്‍ഗീസിന്റെ നിയമനം; യുജിസിയെ തള്ളി കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന യുജിസി വിലയിരുത്തല്‍ തളളി കണ്ണൂര്‍ സര്‍വ്വകലാശാല. പ്രിയാ വര്‍ഗ്ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്ന് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.അസിസ്റ്റന്റ് പ്രൊഫസറായി 11 വര്‍ഷവും മൂന്ന് മാസവും രണ്ട് ദിവസത്തെ പരിചയവും പ്രിയയ്ക്ക് ഉണ്ടായിരുന്നു.     അതിനാല്‍ തന്നെ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പൂര്‍ണ്ണ യോഗ്യതയുള്ള ആളാണ് പ്രിയയെന്നും സര്‍വകലാശാല അറിയിച്ചു. അപേക്ഷകയുടെ യോഗ്യത കണക്കിലെടുത്താണ് കമ്മിറ്റി മാര്‍ക്ക് നല്‍കിയതെന്നും സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അപക്വമാണെന്നും ഹര്‍ജി തള്ളണമെന്നും സര്‍വകലാശാല കോടതിയില്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റിന്മേല്‍ അന്തിമ അനുമതി ആയില്ലെന്നും നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സര്‍വകലാശാല അറിയിച്ചു. സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിന് ശേഷമേ നിയമനം നടത്തുകയൊള്ളുവെന്നും അപ്പോള്‍ മാത്രമേ നിയമനത്തെ ചോദ്യം ചെയ്യാന്‍ സാധിക്കൂവെന്നും സര്‍വകലാശാല വ്യക്തമാക്കി. ഇന്നലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടിയത്. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സ്റ്റേ നീട്ടിയത്. പട്ടികയിലെ രണ്ടാം റങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലായിരുന്നു നിയമനത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയത്. പ്രിയ വര്‍ഗീസിന് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ഇവര്‍ക്ക് അസോസിയേറ്റ് പ്രൊഫസറാകാനുളള നിശ്ചിത അദ്ധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് സര്‍വ്വകലാശാലയുടെ നിലപാട്.