Wednesday, May 8, 2024
EntertainmentindiaNewsObituary

മഹാഭാരതം സീരിയലില്‍ ഭീമസേനായി അഭിനയിച്ച പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു

ന്യൂഡല്‍ഹി: മഹാഭാരതം സീരിയലില്‍ ഭീമസേനായി അഭിനയിച്ച നടന്‍ പ്രവീണ്‍ കുമാര്‍ സോബ്തി 74 അന്തരിച്ചു. അസുഖം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മഹാഭാരതം സീരിയലിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ചത് പ്രവീണ്‍ കുമാര്‍ സോബ്തി ആയിരുന്നു.

അഭിനയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് കായിക മേഖലയില്‍ തിളങ്ങിയ താരമാണ് പ്രവീണ്‍ കുമാര്‍. ഹാമര്‍ ത്രോയിലും ഡിസ്‌ക് ത്രോയിലും അദ്ദേഹം മികവ് തെളിയിച്ചു. ഈ ഇനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ പ്രവീണ്‍ കുമാര്‍ നേടിയിട്ടുണ്ട്. രണ്ട് ഒളിമ്പിക്സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് പ്രവീണ്‍ കുമാര്‍ സോബ്തി.

ബിഎസ്എഫില്‍ ഡപ്യൂട്ടി കമാന്‍ഡ് ആയി നിയമനം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ ഷെഹന്‍ഷായാണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം. അന്‍പതോളം സിനിമകളില്‍ പ്രവീണ്‍ കുമാര്‍ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും പ്രവീണ്‍ കുമാര്‍ സോബ്തി തിളങ്ങിയിരുന്നു. വസിപൂര്‍ മണ്ഡലത്തില്‍ നിന്നും 2013ല്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ബിജെപിയില്‍ അംഗത്വം നേടിയിരുന്നു.