Friday, May 3, 2024
keralaNews

സ്വര്‍ണക്കടത്ത് കേസ്: മൂന്നു ഇന്‍സ്പെക്ടര്‍മാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് കൂട്ടുനിന്ന മൂന്നു ഇന്‍സ്‌പെക്ടര്‍മാരെ കസ്റ്റംസ് പ്രിവന്റീവ് കമിഷണര്‍ സുമിത്കുമാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. 2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണവുമായി മൂന്നു പേര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി.

 

 

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിന്റെ നിര്‍ദേശാനുസരണം ഇവര്‍ പ്രവര്‍ത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ കള്ളക്കടത്തു സംഘത്തെ സഹായിച്ചതായും ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു. ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത മറ്റ് 3 കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരും സസ്‌പെന്‍ഷന്‍ കാലാവധിക്കു ശേഷം കൊച്ചിയില്‍ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.