Friday, April 19, 2024
keralaNews

ശബരിമല നട നാളെ തുറക്കും.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഞായറാഴ്ച (16.08.20) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും. തുടര്‍ന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പിന്നീട് മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്‌നി പകരും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. ഓഗസ്റ്റ് 17 മുതല്‍ 21 വരെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകള്‍ക്ക് പരിസമാപ്തി ആകും.

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് അഞ്ചു ദിവസങ്ങളില്‍ പൂജകള്‍ക്കായി നട തുറക്കും. 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക. സെപ്റ്റംബര്‍ രണ്ടിന് രാത്രി നട അടയ്ക്കും.