Friday, May 3, 2024
indiakeralaNews

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം :നാലു പ്രതികള്‍ക്ക് ജീവപര്യന്തം

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും വിധിച്ചു. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.2008 സെപ്റ്റംബര്‍ 30നാണ് സൗമ്യയെ പ്രതികള്‍ വെടിവച്ചുകൊന്നത്.സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.

കേസില്‍ ഇരുകക്ഷികളുടെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. വിധി കേള്‍ക്കാന്‍ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങള്‍ കോടതിയിലെത്തിയിരുന്നു. സൗമ്യയുടെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതിയെത്തുന്നത്. ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ സൗമ്യയുടെ പിതാവ് കോടതിയിലെത്തിയിരുന്നില്ല. പരമാവധി വധശിക്ഷയോ, അതല്ലെങ്കില്‍ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 15 വര്‍ഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചത്. വധശിക്ഷയ്ക്ക് ഞങ്ങള്‍ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവര്‍ക്ക്. ഞങ്ങള്‍ അനുഭവിച്ചത് അവരും അറിയണമെന്നുമായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ക്ക് ക്രമിനില്‍ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നുമായിരുന്നു ഒക്ടോബര്‍ 18ലെ കോടതി വിധി. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന വിധി വന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേര്‍ നടത്തിയ മറ്റൊരു കൊലപാതകത്തില്‍ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.

ദില്ലിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥന്‍. 2008 സെപ്റ്റംബര്‍ 30-ന് ഹെഡ് ലെയിന്‍സ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെല്‍സണ്‍ മണ്‍ഡേല റോഡിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.

പിന്നീട് സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകട മരണമാണ് എന്ന സംശയം ഉയര്‍ന്നു. വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു മെറൂണ്‍ കാര്‍ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസില്‍ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാര്‍ച്ച് 20 ന് കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂണ്‍ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. 2009 ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ വര്‍ഷങ്ങള്‍ നീണ്ടു.

മോഷണ ശ്രമത്തിനിടെ സൗമ്യയെ പ്രതികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. 2010 ജൂണിലാണ് രവി കപൂര്‍, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബല്‍ജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലീസ് മക്കോക്ക നിയമ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് 2010 നവംബര്‍ 16 ന് സാകേത് കോടതിയില്‍ സൗമ്യ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. 2016 ജൂലായ് 19-ന് കേസില്‍ വാദം പൂര്‍ത്തിയാക്കുകയും അടുത്ത ഹിയറിംഗിനായി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, വിവിധ നിയമ സങ്കീര്‍ണതകള്‍ കാരണം വിധി പലതവണ മാറ്റിവച്ചു. തുടര്‍ന്നാണ് കുറ്റകൃത്യം നടന്ന് 15വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് ദില്ലിയിലെ സാകേത് കോടതി അഞ്ച് പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്.