Monday, May 6, 2024
keralaNews

സ്‌കൂള്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന 10 വയസ്സുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു.

ഉപ്പുതറ: സ്‌കൂള്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന 10 വയസ്സുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ബോധരഹിതയാക്കിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. ഇടുക്കി ജില്ലയിലെ മേരികുളത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ സ്വര്‍ണ്ണക്കമ്മലും വെള്ളിക്കൊലുസുമാണ് മോഷ്ടിച്ചത്.നടന്നു പോകുന്നതിനിടെ ആരോ പിന്നില്‍ നിന്ന് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ ബസില്‍ വന്ന് ഇറങ്ങിയതിന് ശേഷം അരക്കിലോമീറ്ററോളം ദൂരം കുട്ടിക്ക് വീട്ടിലേക്ക് നടക്കാനുണ്ട്. വീടിന് ഏകദേശം 300 മീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. സമയമായിട്ടും കുട്ടി വീട്ടില്‍ എത്താതെ വന്നതോടെ അച്ഛന്റെ അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് റോഡില്‍ ചെരുപ്പും ബാഗും കണ്ടത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.