Wednesday, May 8, 2024
keralaNews

കോട്ടയത്ത് പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു ; ഡ്രൈവറെ കാണാതായി.

കോട്ടയം :മറിയപ്പള്ളിയില്‍ പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്‌നിരക്ഷാസേന തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെ മുട്ടം പാറമടക്കുളത്തിലാണു ലോറി വീണത്. പുലര്‍ച്ചെ 12.30ന് അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് ഉറപ്പാക്കാനായിട്ടില്ല.

പ്രദേശത്തെ കൊഴുവത്തറ ഏജന്‍സി എന്ന വളം ഡിപ്പോയില്‍നിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നു. ഡ്രൈവര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് ആദ്യം അറിഞ്ഞത്. ചിങ്ങവനം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി. ഇതിനകം ലോറി താഴ്ചയിലേക്കു പോയി. അഗ്‌നിരക്ഷാ സേന റബര്‍ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു. ലോറി ഉയര്‍ത്തുന്നതിനായി ക്രെയിന്‍ എത്തിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ആര്‍.ജിജു, എസ്‌ഐ ജോണ്‍സണ്‍ എന്നിവരും എത്തി.

വൈകിട്ട് 5നു ലോഡ് കയറ്റാന്‍ എത്തിയ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് ഏജന്‍സി ഉടമ എം.ആര്‍.രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.