Sunday, April 28, 2024
keralaNewsObituary

കളരിയുടെ അക്ഷര വെളിച്ചം മാഞ്ഞു

ജിഷാമോള്‍ പി.എസ്
എരുമേലി
[email protected]

എരുമേലി: നൂറ് കണക്കിന് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നാവില്‍ പകര്‍ന്ന് നല്‍കിയ കളരിയുടെ അക്ഷരവെളിച്ചമായി നിന്ന എരുമേലി നാലുമാവുങ്കല്‍ പരേതനായചന്ദ്രന്‍നായരുടെ മകള്‍കെ. സി രമണിയമ്മ അന്തരിച്ചു.അസുഖ ബാധിതയായി കുറച്ച് ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ( 10 / 8 ) വെളുപ്പിനായിരുന്നു മരണം.എരുമേലിയിലെ കുരുന്നുകളുടെ ആദ്യകാല പഠന കേന്ദ്രമായിരുന്ന കളരിയില്‍ സ്വരവ്യജ്ഞനാക്ഷരങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് മണലില്‍ എഴുതിപ്പിക്കുകയും അവരെ അറിവിന്റെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ആശാട്ടിയായിരുന്നു രമണിയമ്മ. കുട്ടികളുട ബഹളവും, കരച്ചിലും കളിയും – ചിരിയുമായി നിറഞ്ഞു നിന്ന കളരിയുടെ നാഥയാണ് ഇന്ന് വിട്ട് പിരിഞ്ഞത്. എരുമേലിയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും വിശ്വഹിന്ദു പരിഷത്ത് , ശബരീശ സേവ സമിതി, ഭാഗവത പാരായണം അടക്കം നിരവധി മേഖലയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു.കഴിഞ്ഞ ലോക അധ്യാപക ദിനത്തില്‍ കളരിയേയും – പഠിപ്പിക്കുന്ന ടീച്ചറേയും കുറച്ച് ‘ കേരള ബ്രേക്കിംഗ് ‘ ന്യൂസ് വിശദമായ വാര്‍ത്ത നല്‍കിയിരുന്നു. അപ്പൂപ്പന്റെ കാലം മുതല്‍ കൈമാറി വരുകയും കഴിഞ്ഞ 80 വര്‍ഷമായി, കളരിയുടെ മഹിമ ചോരാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കളരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കാത്തവര്‍ വളരെ വിരളമായിരുന്നു. ആദ്യം അപ്പൂപ്പനായ ശങ്കുപ്പിള്ള ആശാന്‍, പിന്നെ അമ്മയായ പി. എസ് തങ്കമ്മ – പിന്നെ രമണിയമ്മ അങ്ങനെ തുടര്‍ന്ന് വരുകയായിരുന്ന ഈ നിലത്തെഴുത്തിന്റെ ചരിത്രമാണ് രമണിയമ്മയുടെ വിയോഗത്തോടെ ഇവിടെ പൂര്‍ണ്ണമാകുന്നത്. സുഭദ്ര , എന്‍. എസ് സുദര്‍ശനന്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മറ്റന്നൂര്‍ക്കര എന്‍. എസ് എസ് ശ്മശാനത്തില്‍ നടക്കും .