Monday, May 13, 2024
Healthkerala

വാക്‌സീന്‍ ക്ഷാമം ; 5 ജില്ലകളില്‍ സ്റ്റോക്ക് തീര്‍ന്നു

മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആദ്യദിവസം തന്നെ താളം തെറ്റി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായി തീര്‍ന്നു. പതിവു കുത്തിവയ്പ്് ഉള്‍പ്പെടെ 2,49,943 പേര്‍ക്കു മാത്രമാണ് ഇന്നലെ വാക്‌സീന്‍ നല്‍കാനായത്. വാക്‌സീന്‍ ക്ഷാമം മൂലം കേന്ദ്രങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു. പല കേന്ദ്രങ്ങളും ഇന്നു പ്രവര്‍ത്തിക്കാനേ കഴിയാത്ത അവസ്ഥയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷം മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാളെ 2.91 ലക്ഷം ഡോസ് കോവിഷീല്‍ഡും 86,000 ഡോസ് കോവാക്‌സിനും എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അവസാന വര്‍ഷ ബിരുദ, പിജി വിദ്യാര്‍ഥികള്‍, എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ 31ന് അകം വാക്‌സീന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു യജ്ഞത്തിനു തീരുമാനിച്ചത്. തീരുമാനം അറിയിച്ചപ്പോള്‍ എത്ര ഡോസ് വേണ്ടിവരുമെന്നു കേന്ദ്രം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാനായില്ല. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്ക് ഇന്നു നല്‍കാനാകുമെന്നാണു പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ വീഴ്ച കൊണ്ടാണു വാക്‌സീന്‍ ക്ഷാമമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നു. ഓരോ ആഴ്ചയും തീരുന്ന ഡോസ് കണക്കാക്കിയാണു കേന്ദ്രം പുതിയ ക്വോട്ട അനുവദിക്കുന്നത്. ആദ്യം മുതല്‍ കേരളത്തില്‍ മെല്ലെപ്പോക്കായിരുന്നു. അതിനാല്‍ ആഴ്ചയിലെ കണക്കെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കാണു രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസും 64,24,876 പേര്‍ക്കു രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യ അനുസരിച്ചു 44.63 % പേര്‍ ഒന്നാം ഡോസും 18.3 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.