Friday, May 3, 2024
Local NewsNews

ഇന്‍ഫാമിലൂടെ കാര്‍ഷിക കേരളം പുതിയൊരു സംസ്‌കാരത്തിലേക്ക് ചുവട് വയ്ക്കുന്നു: ഫാദര്‍ തോമസ് മറ്റമുണ്ടയില്‍

പാറത്തോട്: ഇന്‍ഫാമിലൂടെ കാര്‍ഷിക കേരളം പുതിയൊരു സംസ്‌കാരത്തിലേക്ക് ചുവട് വയ്ക്കുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാദര്‍ തോമസ് മറ്റമുണ്ടയില്‍. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ തന്നെ വില നിശ്ചയിക്കുന്ന പുതിയൊരു രീതിക്കാണ് തുടക്കം ആയിരിക്കുന്നതെന്ന് പാറത്തോട് നടന്ന മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കുംഭകപ്പ ശേഖരണം ഉടന്‍ ആരംഭിക്കുമെന്നും അതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായും ഇന്‍ഫാം അംഗങ്ങളില്‍ നിന്നും തുലാക്കപ്പ 1,71,000 കിലോ ശേഖരിക്കാന്‍ സാധിച്ചതായും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. വിളവെടുപ്പിനായി തയാറാകുന്ന കുംഭകപ്പയ്ക്ക് കര്‍ഷകര്‍ ഒന്നിച്ചു ചേര്‍ന്ന് ഉല്‍പാദന ചെലവ് കണക്കിലാക്കി 25 രൂപ അടിസ്ഥാന വില നിശ്ചയിച്ചു. കൂടാതെ കപ്പ കൃഷി ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുകയും മികച്ചയിനം കപ്പത്തണ്ടുകള്‍ പരസ്പരം കൈമാറാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മരിച്ചീനി കര്‍ഷകരെ ഒന്നിച്ചു ചേര്‍ക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസ്സുകളും നല്‍കുക, വ്യത്യസ്തയിനങ്ങളിലുള്ള കപ്പത്തണ്ടുകള്‍ കൈമാറുക, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ വ്യത്യസ്തമായ കര്‍മ്മപരിപാടികളാണ് മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.. ഫോട്ടോ. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം പാറത്തോട് കേന്ദ്ര ഓഫീസില്‍ ദേശീയ ചെയര്‍മാന്‍ ഫാദര്‍ തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു.