Sunday, May 5, 2024
keralaNewsSports

ഒലവക്കോട് ഫുട്‌ബോള്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; 40 പേര്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്‌ബോള്‍ ആരാധകരുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന ആളുകളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കല്ലേറില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തിവീശി സ്ഥലത്ത് നിന്ന് ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. വിവിധ ടീമുകളുടെ ജേഴ്‌സി ധരിച്ചാണ് ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികള്‍ എത്തിയിരുന്നത്. സംഭവത്തില്‍ ഇന്ന് കൂടുതല്‍ പൊലീസ് നടപടികള്‍ ഉണ്ടാവും.