Wednesday, February 21, 2024
AstrologykeralaNewsUncategorized

മംഗളാ ദേവി ഒരുങ്ങി ചിത്രാപൗര്‍ണ്ണമി ആഘോഷത്തിനായി

ഇടുക്കി കേരളത്തിലെ ഏറ്റവും പുരാതനവും പൗരാണികവും പ്രസിദ്ധവുമായ ക്ഷേത്രത്തിലൊന്നാണ് മംഗളാ ദേവി ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ ചിത്ര പൗര്‍ണ്ണമി നാളില്‍ മാത്രമാണ് ഭക്തര്‍ക്ക് ഇവിടെ പ്രവേശനമുള്ളത്. ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഇടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം.വനത്തിനുള്ളിലൂടെ മാത്രമേ എത്തിച്ചേരുന്ന ഇവിടെ കണ്ണകി എന്നറിയപ്പെടുന്ന മംഗളാദേവിയുടെ പ്രതിഷ്ഠയാണുള്ളത് . കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം കൂടിയാണ്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം.  14 ദിവസത്തിന് ശേഷം കണ്ണകി ഇവിടെ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയതായും വിശ്വസിക്കുന്നു. കേരളാ – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പശ്ചിമഘട്ട മലനിരകള്‍ക്കിടയില്‍ കൊടുംകാടിനുള്ളില്‍ മംഗള വനത്തില്‍ കടല്‍ നിരപ്പില്‍ നിന്ന് ഏകദേശം 1337 മീറ്റര്‍ ഉയരത്തിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടം തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാന്നിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം നടക്കുക. മംഗളാദേവിയുടെ വിഗ്രഹത്തിന് പുറമെ കറുപ്പസ്വാമിയുടെ വിഗ്രഹമുണ്ട്, ജീര്‍ണ്ണിച്ച ഒരു ശിവക്ഷേത്രമുണ്ട്, ഗണപതിക്കായി ഒരു ശ്രീകോവിലും ഇവിടെയുണ്ട്. ക്ഷേത്രത്തിന് താഴെ ഒരു ഭൂഗര്‍ഭ പാത ഉണ്ടായിരുന്നു.                                                                                                                                 അത് ഇവിടുത്തെ ചില പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, ഈ രഹസ്യപാത പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് എന്നാണ്. മറ്റുള്ളവര്‍ പറയുന്നത് അത് പാണ്ഡ്യരാജാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴിയാണ് എന്നാണ്. പുരാതനമായ നിര്‍മ്മാണശൈലിയില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രം കരിങ്കല്ലുകള്‍ അടുക്കി എടുത്തുവെച്ച പോലെ പാണ്ഡ്യന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണുള്ളത്. ക്ഷേത്രം നശിച്ചത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. എന്നാല്‍ ശ്രീകോവിലിന്റെ പല ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന നിലയിലായതിനാല്‍ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു.                                                                                       നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തില്‍ 1980-കളില്‍ തമിഴ്‌നാട്ടുകാര്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഇവിടം തര്‍ക്കഭൂമിയായി മാറിയത്. പിന്നീട് ചിത്രപൗര്‍ണ്ണമി ദിവസം ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചു.ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി ദിനത്തില്‍ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാന്‍ കഴിയുന്നത്. ചിത്രാപൗര്‍ണമി ആഘോഷങ്ങള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഏപ്രില്‍/മെയ് മാസങ്ങളില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറക്കൂ. ഈ പൗര്‍ണ്ണമി ദിനത്തില്‍, തമിഴ്‌നാട്ടിലെയും കേരളത്തിലെയും പൂജാരിമാര്‍ ക്ഷേത്രത്തില്‍ ആചാരപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഈ വര്‍ഷത്തെ മംഗളാദേവി ചിത്രാപൗര്‍ണ്ണമി ഉത്സവം മെയ് 5-ന് ആണ്. കണ്ണകി ട്രസ്റ്റ്, തമിഴ്‌നാട് ഗണപതി ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകര്‍. മംഗളാദേവിയുടെ ക്ഷേത്രം തകര്‍ന്ന നിലയിലായതിനാല്‍ ചിത്രാ പൗര്‍ണ്ണമി നാളില്‍ ക്ഷേത്രോത്സവത്തില്‍ പൂജിക്കുന്ന പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച വിഗ്രഹം കമ്പത്തുനിന്നും കൊണ്ടുവരുന്നതാണ് പതിവ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകള്‍ നടക്കുന്നത്. പ്രധാന ദേവതയായ മംഗള ദേവിയെ പുഷ്പങ്ങള്‍, പട്ട് മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അന്നേ ദിവസം മുഴുവന്‍ പൂജകള്‍ നടത്തുന്നു. താലിയും സ്ത്രീ ഭക്തരുടെ സ്ഫടിക വളകളും ഉത്സവത്തില്‍ അനുഗ്രഹിക്കപ്പെടുന്നു. സ്ത്രീകള്‍ ഈ ശുഭദിനത്തില്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുകയും ചെയ്യുന്നു.                                                                                              സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. 2 മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാന്‍ അനുവദിക്കില്ല. 5 മണിയോട് കൂടി എല്ലാവരും പൂര്‍ണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്. ഭക്തരും സഞ്ചാരികളും ഉള്‍പ്പടെ 25,000ത്തോളം ആളുകള്‍ ഈ ഉത്സവത്തിന് എത്തിച്ചേരുന്നത്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ കാല്‍നടയായോ ഈ ഒരു ദിവസം ഭക്തന്മാര്‍ക്ക് മംഗളാദേവി ക്ഷേത്രത്തില്‍ എത്തിച്ചേരാം. മംഗളാദേവി ഉള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനം വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. യാത്രയില്‍ സഹായങ്ങളുമായി കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും.