Tuesday, May 7, 2024
NewsSportsworld

ലോകകപ്പില്‍ ഖത്തറിനെ തകര്‍ത്ത് ഇക്വഡോര്‍

ദോഹ: 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ തകര്‍ത്ത് ഇക്വഡോറിന് ഗംഭീര ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ആതിഥേയരെ തകര്‍ത്തത്.  എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിന്റെ രണ്ട് ഗോളുകളും നേടിയത്.പതിനാറാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു വലന്‍സിയ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്. ഖത്തര്‍ ഗോള്‍ മുഖത്തേക്ക് പന്തുമായി ഇരമ്പിയെത്തിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍ കീപ്പര്‍ അല്‍ ഷീബ് ഫൗള്‍ ചെയ്തു. റഫറി ഇതില്‍ പെനാല്‍ട്ടി വിധിച്ചു. അടുത്ത മിനിറ്റില്‍ ഇത് വിജയകരമായി വലന്‍സിയ വലയിലെത്തിക്കുകയായിരുന്നു.                 

 

മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു വലസിയയുടെയും ഇക്വഡോറിന്റെയും രണ്ടാം ഗോള്‍. ഇടത് വശത്ത് നിന്നും ലഭിച്ച ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ ഖത്തര്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലന്‍സിയ വലയിലെത്തിച്ചു. ഖത്തര്‍ ഓഫ് സൈഡ് അപ്പീല്‍ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ വലന്‍സിയ ആദ്യമായി ഖത്തറിന്റെ വല കുലുക്കിയെങ്കിലും വാര്‍ സംവിധാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരെങ്കിലും മത്സരത്തില്‍ ശ്രദ്ധേയമായ പ്രതിരോധം കാഴ്ചവെക്കാന്‍ ഖത്തറിന് സാധിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ഹസനും മിഗ്വെലും ചേര്‍ന്ന് മുന്നേറ്റം നടത്തിയെങ്കിലുംഇക്വഡോര്‍ ഗോള്‍ മുഖത്ത് വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചില്ല.