മാവേലിക്കര: സമൂഹമാധ്യമങ്ങളില്‍ വിവാഹ പരസ്യം നല്‍കിയ ശേഷം പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ വീട്ടമ്മയും സുഹൃത്തും അറസ്റ്റിലായി. ഒന്നാം പ്രതി കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു (41), മൂന്നാം പ്രതി തൃശൂര്‍ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുന്‍ മോഹന്‍ ഒളിവിലാണ്.തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ സമാനമായ മറ്റൊരു പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് കൊല്ലം സൈബര്‍ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതനുസരിച്ചു ഇന്നലെ കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രതികളെ കുറത്തികാട് എസ് ഐ. ബി.ബൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയില്‍ നിന്നും സമാനമായ രീതിയില്‍ 10 ലക്ഷം രൂപയും തട്ടിയെടുത്തതായി സൂചനയുണ്ട്. എംഡി കാര്‍ഡിയോളജി വിദ്യാര്‍ഥിനിയാണെന്ന് വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കി. പിന്നാലെ പഠനാവശ്യത്തിന് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടില്‍ ലഭിച്ചതിന് ശേഷം ബിന്ദു ഫോണ്‍ വിളിക്കാതായി. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതോടെയാണ് വാത്തികുളം സ്വദേശി പരാതി നല്‍കിയത്.