Friday, April 26, 2024
keralaNewspolitics

വഞ്ചന കേസ് : മാണി സി കാപ്പന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തള്ളി

എറണാകുളം: കണ്ണൂര്‍ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചന കേസ് നടപടികള്‍ക്കെതിരെ മാണി. സി കാപ്പന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുംബൈ വ്യവസായി ദിനേശ് മേനോന്‍ കീഴ് കോടതിയില്‍ നല്‍കിയ വഞ്ചനാ കേസ് നടപടികള്‍ക്കെതിരെയാണ് മാണി. സി കാപ്പന്‍ ഹര്‍ജി നല്‍കിയത് . കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് ദിനേശ് മേനോന്‍ കാപ്പനെതിരെ പരാതി നല്‍കിയത്. വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതിനായി 2010-ലാണ് രണ്ട് കോടി രൂപ മാണി സി കാപ്പനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഈ തുക നല്‍കിയില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ദിനേശ് മേനോന്‍ സിബിഐയില്‍ പരാതി നല്‍കി. മാണി സി കാപ്പന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പിന്നീട് 2013-ല്‍ 3.25 കോടി തിരികെ നല്‍കാമെന്ന് സമ്മതിച്ച് ഇരുവരും ഒത്തു തീര്‍പ്പ് കരാറിലെത്തി. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ നാല് ചെക്കും മടങ്ങി. ഈ ചെക്ക് കേസ് മുംബൈ ബോര്‍വിലി കോടതിയുടെ പരിഗണനയിലാണ്. ചെക്കിനൊപ്പം ഈടായി നല്‍കിയ വസ്തു കോട്ടയം കാര്‍ഷിക കോപ്പറേറ്റീവ് ബാങ്കില്‍ വായ്പ കുടിശ്ശിക ഉള്ളതായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മാണി സി കാപ്പന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ദിനേശ് മേനോനുമായി കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ ഈ വസ്തുവില്‍ കുടിശ്ശിക ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദിനേശ് മേനോന്‍ കോടതിയില്‍ വഞ്ചന കേസ് നല്‍കിയത്. ഈ കേസ് തളളിക്കളയണമെന്നാവശ്യപ്പെട്ട് കെടുത്ത കേസാണ് കോടതി തള്ളിയത്.