എരുമേലി :നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരവും,ജോലിയും, മറ്റ് സംരക്ഷണവും നൽകണമെന്ന് പൊതുപ്രവർത്തകനായ ലൂയിസ് ഡേവിഡ് പറഞ്ഞു. നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠന റിപ്പോർട്ട് ഗുരുതര പ്രത്യാഘാതങ്ങൾ മറച്ചുവെച്ചും പരാമർശിക്കാതെയുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈറ്റ് പ്ലാൻ അനുസരിച്ച് എരുമേലി പേട്ടതുള്ളൽ പാതയിൽ നിന്ന് 300 മീറ്ററിൽ താഴെ ദൂരെയാണ് എയർപോർട്ട് ഭൂമിയുമായി അകലം കാണിച്ചിരിക്കുന്നത്. എരുമേലിയെ ശബരിമല ആചാരപരമായി പ്രശസ്തമാക്കിയത് അമ്പലപ്പുഴ, ആലങ്ങാട്ട്
സംഘങ്ങളുടെ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലാണ്.ഇതിലെ ലോക അത്ഭുതം അമ്പലപ്പുഴ പേട്ടതുള്ളൽ ആരംഭം മുതൽ ശ്രീകൃഷ്ണപ്പരുന്തിന്റെ സാന്നിദ്ധ്യവും, ആലങ്ങാട്ട് പേട്ടതുള്ളൽ ആരംഭം മുതൽ ആകാശത്ത് ദൃശ്യമാകുന്ന വെള്ളിനക്ഷത്രത്തിന്റെ സാന്നിദ്ധ്യവുമാണ്. ഈ കാരണത്താൽ റൺവേ ഈസ്റ്റ് – വെസ്റ്റ് ദിശയിൽ നിന്ന് മാറ്റി നോർത്ത് – സൗത്ത് ദിശയിൽ മാറ്റി പേട്ട തുള്ളൽ പാതയിൽ നിന്നും മതിയായ ദൂരം അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം എരുമേലിയുടെ മഹനീയമായ ആചാരപാരമ്പര്യത്തിന് മങ്ങലേൽക്കാൻ ഇടവരുത്തുമെന്നും അദേഹം പറഞ്ഞു.എയർപോർട്ട് പ്രദേശത്തെ പ്രശസ്തമായ ആരാധനാലയങ്ങൾ അമ്മൻകോവിൽ,പൂവൻപാറമല ക്ഷേത്രം, പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം, ജമാ അത്ത്, ചെറുവള്ളി ആരാധനാലയം, എക്യുമിനിക്കൽ ചർച്ച് തുടങ്ങിയവ പൊതു ഇടങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ യാതൊ രുവിധ പരാമർശനവുമില്ല.കുടിയിറക്കപ്പെടുന്ന ജനതയ്ക്ക് ലഭിക്കാവുന്ന നഷ്ടപരിഹാരത്തിനെയും , തൊഴിൽ സുരക്ഷിതത്വത്തെയും സംബന്ധിച്ച് യാതൊരു പരാമർശവുമില്ലെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.