ഭാര്യാപിതാവാണ് നവവരനെ വഴിയില്‍ തടഞ്ഞ് കഴുത്തിന് വെട്ടികൊന്നു

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്.

പൊലീസ്  ഇങ്ങനെ …..                                                                       തമിഴ്‌നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കന്‍ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗന്‍ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഇവരുടെ സമ്മതമില്ലാതെ ഒളിച്ചോടിയായിരുന്നു. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. ടൈല്‍സ് പണിക്കാരനായ ജഗന്‍ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്ന വഴിയില്‍ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും – സംഘവും ആക്രമിക്കുകയായിരുന്നു. കെ ആര്‍ പി അണക്കെട്ടിന് സമീപം കാത്തുനിന്ന അക്രമികള്‍ ജഗനെ തടഞ്ഞുനിര്‍ത്തി നിരവധി തവണ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളും ശങ്കറിന്റെ ബന്ധുക്കള്‍ തന്നെയാണ്. കൊലയ്ക്ക് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. കാവേരിപട്ടണം പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാന്‍ നാട്ടുകാരും ജഗന്റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. കൃഷ്ണഗിരി എസ് പി സരോജ് കുമാര്‍ ഠാക്കൂര്‍, ഡി എസ് പി തമിഴരസി എന്നിവരെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് എസ് പിയും ഡി എസ് പിയും വ്യക്തമാക്കുകയും ചെയ്തു.