കള്ളപ്പണ ഇടപാടിലൂടെ സ്പോണ്‍സേര്‍ഡ് ഭീകരവാദത്തിനുള്ള ശ്രമം നടത്തി; ഇഡി

എറണാകുളം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് മിഷന്‍ കേസിലെ മുഖ്യസൂത്രധാരന്‍ ആണെന്നും കള്ളപ്പണ ഇടപാടിലൂടെ സ്പോണ്‍സേര്‍ഡ് ഭീകരവാദത്തിനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയതെന്നും ഇഡി വ്യക്തമാക്കി.സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണം    ശിവശങ്കറിന്റേതാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച മൊഴികള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്ന സുരേഷും നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കണ്ടെത്താനുണ്ടെന്നും അതിനാര്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ഇഡി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ മറയാക്കി അതിന്റെ പേരില്‍ ജാമ്യം അനുവദിക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങല്‍ പറഞ്ഞാണ് ശിവശങ്കര്‍ ജാമ്യം നേടിയത്. അതിന് പിന്നാലെ ജോലിയില്‍ പ്രവേശിക്കുന്ന സാഹചര്യമാണുണ്ടായത്. കേസില്‍ വാദം നാളെയും തുടരും. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമായി ബന്ധപ്പെടുത്തി ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നതല്ലേയെന്നും ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസെടുക്കുന്നതെന്നും കോടതി ആരാഞ്ഞു. സ്വര്‍ണക്കള്ള കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷന്‍ അഴിമതി ബോധ്യപ്പെട്ടതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.