Tuesday, May 7, 2024
keralaLocal NewsNews

കെ.എസ്.ഇ.ബിയുടെ ടച്ചിങ് വെട്ടലിന്റെ മറവിൽ വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി.

എരുമേലി: കെ.എസ്.ഇ.ബിയുടെ ടച്ചിങ് വേട്ടലിന്റെ മറവിൽ വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി. എരുമേലി നെടുങ്കാവ് വയൽ പുളിക്കൽ നാസറിന്റെ പുരയിടത്തിലെ കുലച്ച എട്ടോളം വാഴകൾ ആണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ നാസറിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി എട്ടുമണിയോടെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ ഇവർ കെഎസ്ഇബി മായി ബന്ധപ്പെട്ടു. അപ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് പോയ താണെങ്കിൽ രാത്രി തന്നെ ശരിയാക്കുകയും ടച്ചിങ് വെക്കണമെങ്കിൽ രാവിലെ ചെയ്തു തരികയും ചെയ്യാം എന്നാണ് മറുപടി നൽകിയത്. രാത്രി ഉറക്കത്തിലായിരുന്ന നാസറിന്റെ ഭാര്യയും മകളും വീടിൻറെ മുകളിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന നോക്കിയപ്പോൾ മൊബൈൽ ടോർച്ച് ലൈറ്റ്ന്റെ വെട്ടത്തിൽ ചിലർ പുരയിടത്തിൽ നിന്നും നടന്ന നീങ്ങുന്നതാണ് കണ്ടത്. ഇതേതുടർന്ന് പുരയിടം പരിശോധിച്ചപ്പോൾ ഏകദേശം എട്ടോളം വാഴകൾ വെട്ടി നശിപ്പിക്കപ്പെട്ടത് ആയി കാണാൻ സാധിച്ചു. തുടർന്ന് സമീപവാസികളാണ് കെഎസ്ഇബി ഉദ്യോഗസ്ഥരാണ് വാഴകൾ വെട്ടി നശിപ്പിച്ചത് എന്ന് ഇവരെ അറിയിച്ചത്. തുടർന്ന് നാസറിന്റെ ഭാര്യ കെഎസ്ഇബി ബന്ധപ്പെട്ടപ്പോൾ വളരെ മോശമായ രീതിയിലാണ് ഇവരോട് കെഎസ്ഇബി ഉദ്യോഗസ്ഥർ സംസാരിച്ചത് എന്ന് ഇവർ പറഞ്ഞു. ഞായറാഴ്ച രാവിലെ നാസർ എരുമേലി പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി സമർപ്പിച്ചു.എരുമേലി പഞ്ചായത്ത് ഉടനീളം കെഎസ്ഇബിയുടെ ടച്ചിങ് വെട്ടലിനെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്.