Sunday, May 19, 2024
indiaNewspolitics

കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വിചാരണ കോടതി നീട്ടി

ദില്ലി : മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയില്ല. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. വിചാരണക്കോടതിയുടേതാണ് നടപടി. കെജ്രിവാളിന്റെ ഹര്‍ജിയിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി. ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ദില്ലിയില്‍ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നല്‍കി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു. ജ്യാമത്തില്‍ വാദം കേള്‍ക്കല്‍ മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഗുരുതരമായ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാള്‍. ജാമ്യം ദുരുപയോഗം ചെയ്യും. ജയിലിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇഡി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. സഹതാപത്തിന്റെ പേരില്‍ ജാമ്യം നല്‍കരുത്. പ്രത്യേക വകുപ്പുകള്‍ ഇല്ലാത്ത കെജ്രിവാള്‍ ജയിലില്‍ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ല. ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാള്‍ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയമല്ല. രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.