Tuesday, May 7, 2024
HealthkeralaNews

നിപ സ്ഥിരീകരിച്ചു: ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതു ജനങ്ങള്‍ക്കായുള്ള ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ (കഴിഞ്ഞ 30 ന് മരിച്ച ആൾ) സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാകാമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നു. 168 പേരാണ് മരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരും രണ്ടാമത്തെ കേസില്‍ 10 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. അവരുടെ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്‍ട്രോള്‍ സെല്‍ ഫോണ്‍ നമ്പര്‍: 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100