Wednesday, May 8, 2024
keralaNewspolitics

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ.എം.ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം: വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ.എം.ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ ഹാരിസ് റിമാന്‍ഡിലാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് ഹാരിസിനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ പാലാ പ്രവിത്താനം പി ജെ ട്രെഡ് ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി എന്നതാണ് കേസ്.ജോബിനോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സീനിയര്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ജെ.ജോസ്മോനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. രണ്ട് പേരുടേയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയിരുന്നു. ഹാരിസും ജോസ്മോനും അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെപ്പറ്റി വിജിലന്‍സ് ഡയറക്ടര്‍ക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സ് കോട്ടയം യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹാരിസിനും സീനിയര്‍ എഞ്ചിനീയര്‍ ജെ.ജോസ്‌മോനുമെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.