Friday, May 17, 2024
keralaNewsObituary

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരന്‍ കണ്ണന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിതിന്‍ ദാസ് ഗോവയിലാണ് ജോലി ചെയ്തിരുന്നത്. നിതിനെ കാണാനായി സുഹൃത്തുക്കള്‍ ട്രെയിന്‍ മാര്‍ഗ്ഗം ഗോവയില്‍ എത്തുകയായിരുന്നു. ഇവിടെ കാര്‍ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതില്‍ വിഷ്ണു നേവിയിലാണ് ജോലി ചെയ്യുന്നത്. യാത്രകള്‍ക്ക് ശേഷം വിഷ്ണുവിനെ തിരികെ ജോലി സ്ഥലത്തേക്ക് വിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.