Friday, April 19, 2024
keralaNews

ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞത്

കൊച്ചി:പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടു.     നാളെ വിഷയം ഹൈക്കോടതി പരിഗണിക്കും.ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെ് നടന്ന അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത് . മൈലാടുംതുറ സ്വദേശികളായ തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍ – എരുമേലി റോഡിലെ മൂന്നാം വളവില്‍ അപകടം ഉണ്ടായത്. അപകട സമയത്ത് ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. അമിത വേഗത്തില്‍ വന്ന ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ പരിശോധനയില്‍ കഴിഞ്ഞില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്താന്‍ മന്ത്രി പി പ്രസാദ് നിര്‍ദ്ദേശിച്ചു.