Saturday, April 27, 2024
Editorial

‘ കേരള ബ്രേക്കിംഗ് ‘ ഓണ്‍ലൈന്‍ ന്യൂസ്

‘ കേരള ബ്രേക്കിംഗ് ‘ ഓണ്‍ലൈന്‍ ന്യൂസ്

ജന്മനാടിന്റെ വികസന സ്വപ്നങ്ങളുടെ വിജയക്കൊടി പാറിക്കാൻ ശംഖ് നാദം മുഴക്കി മലയാളത്തിന്റെ മണ്ണിൽ ഒരു ഓൺ ലൈൻ പത്രം കൂടി ഇന്ന് മുതൽ തുടങ്ങുകയാണ് . പക്ഷം പിടിക്കാതെ വാർത്തയുടെ ഉള്ളറകളിൽ നിന്നും സത്യം – സത്യമായി ജനങ്ങളിൽ അവർ അർഹിക്കുന്ന പ്രാധാന്യത്തോടെ വളരെ വേഗം വാർത്തയായി എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

രാഷ്ട്രീയത്തിനും, ജാതി – മത ചിന്തകൾക്കുമപ്പുറം വികസനവും എത്തേണ്ടത് ഈ മഹാമാരിയുടെ കാലത്ത് അനിവാര്യമാണ്. എന്നാൽ പുര കത്തുമ്പോൾ വാഴ വെട്ടുന്നവരേയും കാണാം . ഇത്തരത്തിൽ നല്ല ചിന്തകളെ മാറ്റിമറിക്കുന്ന ദുഷിച്ച കാഴ്ചകളും, നടപടികളും ഉണ്ടാകുന്നതിൽ നിന്നാണ് ഞങ്ങൾ യഥാർത്ഥ വസ്തുതകളുമായി ഒരു ഓൺ ലൈൻ പത്രം തുടങ്ങാൻ തീരുമാനിച്ചത് “കേരള ബ്രേക്കിംഗ്” എന്ന പേരിൽ ആരംഭിക്കുന്ന ഓൺ ലൈൻ ന്യൂസിൽ നിരവധി വിഭവങ്ങളാണ്  ഒരുക്കുന്നത്.

രാഷ്ട്രീയം, കലാ, കായികായികം, സാംസ്കാരികം, വിനോദം, പൊതു വിപണികൾ, ചർച്ചകൾ, വിമർശനങ്ങൾ, കഥകൾ, അഭിമുഖങ്ങൾ, ആരാധനാലയങ്ങൾ എന്നു തുടങ്ങി സാധരണക്കാർ ചിന്തിക്കുന്ന വികസന സ്വപ്നങ്ങളിൽ നിന്നാണ് ഞങ്ങൾ വാർത്തയുടെ സൃഷ്ടിയിലേക്ക് വരുന്നത്. വിശ്വാസങ്ങൾ , ആരാധനകൾ, രാഷ്ട്രീയം, ജീവിത രീതികൾ അങ്ങനെ നാനാവിധ ഇഷ്ടങ്ങളെ ഉൾക്കൊള്ളാൻ കഴിക്കുന്ന സമൂഹത്തിൽ മനുഷ്യർക്കെന്ന പോലെ ജീവജാലങ്ങൾ, പക്ഷിമൃഗാദികൾ തുടങ്ങി എല്ലാവർക്കും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ ജീവിക്കാൻ അവകാശമുണ്ട്.

അതിന് സ്വാതന്ത്ര്യവുമുണ്ട്. രാഷ്ട്രത്തെ നയിക്കുന്ന രാഷ്ട്രീയക്കാർ അതിൽ വിശ്വസിക്കട്ടെ. ധർമ്മത്തെ നിലനിർത്താൻ ഈശ്വര വിശ്വാസികൾ ദൈവത്തിലും, ഇതൊന്നുമില്ലാത്തവർ അങ്ങനെയും വിശ്വസിക്കട്ടെ. ഒന്നിനേയും തൊട്ട് അശുദ്ധമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. മറിച്ച് സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിക്കാർ, അധികാരത്തിന്റെ ഗർവ്വ് കാട്ടി പട്ടിണി പാവങ്ങളെ അടിച്ചമർത്തുന്നവർ, നീതി നിഷേധം, സാമൂഹിക മൂല്യങ്ങൾ തകർക്കുന്നവർ, മദ്യം, മയക്ക് മരുന്ന് കള്ളക്കടത്ത് മാഫിയകൾ, വിശ്വാസത്തിനും , സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ അനീതികൾക്കെതിരെ പോരാട്ടത്തിൽ എല്ലാവർക്കുമൊപ്പം ഞങ്ങളും ഉണ്ടാകും.

അതെല്ലാം സമൂഹത്തിന്റെ വളർച്ചക്കും, വികസനത്തിനും മാത്രമായിരിക്കും. എന്നാൽ എല്ലാറ്റിനേയും തെറ്റായ ദിശയിലേക്ക് തള്ളിവിടുന്ന , വിവാദമുണ്ടാക്കി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്ന പതിവ് ശൈലി ആവർത്തിച്ചു കൂടാ . ഒട്ടേറെ വീരപുത്രൻമാരെ സമ്മാനിച്ച നാടാണ് നമ്മുടേത്. ഇന്നും കാവലായി നിൽക്കുന്ന ധീരയോദ്ധാക്കൾ, വീര ബലിദാനികൾ എല്ലാവരേയും ഈ അവസരത്തിൽ സ്മരിക്കുന്നു . എല്ലാവർക്കും തുല്യ നീതി – തുല്യമായ സംരക്ഷണം – തുല്യ അവകാശം അതിന് നേതൃത്വം നൽക്കുന്നവർക്കൊപ്പം ഞങ്ങളും ഉണ്ടാകും.

എന്ന്,
ഒപ്പ്
ചീഫ് എഡിറ്റർ
കേരള ബ്രേക്കിംഗ്
29/07/2020