Monday, May 6, 2024
keralaNews

പരമ്പരാഗത കാനനപാത തുറന്നു കൊടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടും.

കരിമല വഴിയുള്ള പരമ്പരാഗത കാനനപാത തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടും. അനുമതി ലഭിച്ചാല്‍ പത്തു ദിവസത്തിനകം വഴി തെളിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. മണ്ഡലകാലത്ത് വരുമാനം നൂറുകോടി കടക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.പമ്പാ സ്‌നാനം, നീലിമലപാത തുറക്കല്‍, സനിധാനത്ത് രാത്രിയില്‍ വിരിവെയ്ക്കാനുള്ള സൗകര്യം തുടങ്ങി ദേവസ്വം ബോര്‍ഡിന്റെ ചില ആവശ്യങ്ങള്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം നീക്കലും എരുമേലിയില്‍ നിന്നു കരിമലവഴിയുള്ള പരമ്പരാഗത പാത തുറക്കലുമാണ് ഇനി സര്‍ക്കാരിന്റെ പരിഗണനയിലുള്ള മുഖ്യ വിഷയങ്ങള്‍. കാനനപാത തുറക്കാത്തത് ആചാര ലംഘനമാണെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് വീണ്ടും സര്‍ക്കാരിനെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 45,000ല്‍ നിന്ന് 60,000 ആക്കണമെന്നും വെര്‍ച്ച്വല്‍ ക്യൂ നിര്‍ബന്ധമാക്കിയത് ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയില്‍ നിന്നുള്ള വരുമാനം അന്‍പതുകോടി കഴിഞ്ഞു. അരവണ വില്‍പനയില്‍ നിന്നാണ് വരുമാനത്തിന്റെ മുഖ്യ പങ്കും.