Friday, May 10, 2024
indiakeralaNews

വിവാഹം കഴിക്കണമെന്നാവശ്യം; പിതാവ് മകനെ വെട്ടിക്കൊന്നു

തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. 65കാരനായ കേശവന്‍ ആണ് മകന്‍ ശിവമണി (30) യെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കേശവന്‍ ഭാര്യ പളനിയമ്മാളിനും (60) രണ്ട് പെണ്‍മക്കളായ ശിവഗാമിയ്ക്കും സോണിയയ്ക്കും മകന്‍ ശിവമണിക്കും ഒപ്പമാണ് താമസം. ഇരുവരും വിവാഹിതരാണ്. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയാണ് കേശവനും ശിവമണിയും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് സൂചന.വിദേശത്ത് ജോലി ചെയ്ത മൂന്ന് വര്‍ഷത്തിനിടെ കുടുംബത്തിന് വേണ്ടി അയച്ച പണത്തെ ചൊല്ലി ശിവമണി മാതാപിതാക്കളുമായി പലതവണ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ശിവമണി തമിഴ്നാട്ടിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി അച്ഛനും മകനും തമ്മില്‍ വിവാഹത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി, ഒടുവില്‍ പ്രകോപിതനായ കേശവന്‍ കോടാലി ഉപയോഗിച്ച് മകനെ വെട്ടിക്കൊന്നു.സംഭവം നടന്നയുടന്‍ കേശവന്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിക്കയറി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ശിവമണിയെ ഉളുന്ദൂര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ലോക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഒളിവില്‍ പോയ കേശവനെ പിടികൂടാന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.