Monday, May 20, 2024
Uncategorized

 കാനന പാതയിലെ നിയന്ത്രണം ഒഴിവാക്കണം മലഅരയ മഹാസഭ

കാനന പാതയില്‍ പാദപൂജ ………  

എരുമേലി: ശബരിമലയുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ – തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ ബി ശങ്കരന്‍ പറഞ്ഞു.                                                                                കാനന പാതയിലൂടെ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ എത്തിയ അയ്യപ്പഭക്തരുടെ പാദപൂജ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കാനന പാതയിലെ പ്രധാന ക്ഷേത്രമാണ് കാളകെട്ടി. ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും മറ്റ് അധികൃതരും അനാസ്ഥയാണ് കാണിക്കുന്നത് .

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അവലോകന യോഗങ്ങളില്‍ ക്ഷേത്രം ഭാരവാഹികളെ ക്ഷണിക്കാത്തതും കാനനപാതയോടുള്ള അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകള്‍ക്ക് ഇവിടെ സൗകര്യം ഒരുക്കുന്നത് ക്ഷേത്രമാണെന്നും, എന്നിട്ടും യോഗത്തില്‍ വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.                                                                              സാങ്കേതിക കാരണങ്ങള്‍ നിരത്തി കാനനപാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഭാവിയില്‍ പരമ്പരാഗത കാനനപാത അടയ്ക്കാനുള്ള നീക്കമാണെന്നും നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് കാളകെട്ടിയില്‍ നിന്നും പമ്പയിലേക്ക് യാത്ര അനുവദിക്കുന്നത്.

പരിശുദ്ധിയോടെ കാനനപാത സംരക്ഷിച്ചാല്‍ മാത്രമേ ശബരിമല തീര്‍ത്ഥാടനം പുണ്യം നിറഞ്ഞതായി തീരുകയൊള്ളൂയെന്നും നേതാക്കള്‍ പറഞ്ഞു. കാനനപാതയിലെ നിയന്ത്രണം ആചാര ലംഘനമാണെന്നും സര്‍ക്കാരും – ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.                      സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി വിജയന്‍, ജനറല്‍ സെക്രട്ടറി വി പി ബാബു, ട്രഷറര്‍ ശ്രീനിവാസന്‍ , കാഞ്ഞിരപ്പള്ളി ഏരിയ കോഡിനേറ്ററും – എരുമേലി ഗ്രാമ പഞ്ചായത്ത് അംഗവുമായ എം എസ് സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.