Monday, April 29, 2024
keralaNewsUncategorized

കോഴിക്കോട് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണം ബിജെപി

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.

തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്‍ ആരോപിച്ചു.

ആയുധ പരിശീലനം നടത്തിയെന്ന കണ്ടെത്തല്‍ ഏറെ ഗൗരവമുള്ള കാര്യമാണ്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും 266 വെടിയുണ്ടകള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 0.22 പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. 50 എണ്ണം വീതം 5 പെട്ടിയിലും 16 എണ്ണം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. പരിശീലനത്തിനെത്തിയവര്‍ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ക്കി ഫാക്ടറിയില്‍ നിര്‍മ്മിച്ചവയാണ് വെടിയുണ്ടകള്‍.

പ്രത്യേക ഇടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള വെടിയുണ്ടകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത് ഇത് ഗുരുതരമായ നിയമലംഘനമായി പോലീസ് കാണുന്നു.

ലൈസന്‍സുള്ള തോക്കില്‍ ഉപയോഗിക്കുന്ന ഇവ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.