Thursday, March 28, 2024
keralaNews

തിരുവനന്തപുരത്ത് ബൈക്ക് കടയില്‍ തീപിടിത്തം 32 വാഹനങ്ങള്‍ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കട ഉദ്ഘാടനം ചെയ്യാനിരിക്കെ കടയില്‍ തീപ്പിടുത്തം.

32 ബൈക്കുകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്.

വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. പുതുതലമുറ ബൈക്കുകളാണ് കത്തിനശിച്ചവയില്‍ ഏറെയും.

സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്. ജനാലകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.